‘രസികനെ’ ചതിച്ച ദിലീപിന്‍റെ ആ തീരുമാനം; തൊട്ടുപിന്നാലെ മമ്മൂക്ക അത് വമ്പൻ ഹിറ്റാക്കി!

മലയാള സിനിമയിലെ എക്കാലത്തെയും വലിയ സൂപ്പർഹിറ്റുകളിൽ ഒന്നായ ‘മീശമാധവൻ’ തിയേറ്ററുകളിൽ ഉണ്ടാക്കിയ ഓളം ചെറുതൊന്നുമല്ല. ആ വമ്പൻ വിജയത്തിന് ശേഷം ദിലീപും ലാൽ ജോസും വീണ്ടും ഒന്നിക്കുന്നച്ച ചിത്രമായിരുന്നു ‘രസികൻ’. എന്നാൽ ബോക്സ് ഓഫീസിൽ വിചാരിച്ചത്ര വിജയം നേടാൻ ഈ ചിത്രത്തിന് സാധിച്ചില്ല. വർഷങ്ങൾക്കിപ്പുറം, ‘രസികൻ’ എന്ന സിനിമയുടെ പരാജയത്തിന് പിന്നിലുണ്ടായ യഥാർത്ഥ കാരണങ്ങൾ തുറന്നു പറയുകയാണ് സംവിധായകൻ ലാൽ ജോസ്.

‘മീശമാധവൻ’ ഫാക്ടറും അമിതമായ പ്രതീക്ഷയും

രസികൻ പരാജയപ്പെടാൻ ഉണ്ടായ പ്രധാന പ്രശ്നങ്ങളിൽ ഒന്ന് സിനിമയ്ക്ക് റിലീസിന് മുൻപ് ലഭിച്ച അമിതമായ ഹൈപ്പ് തന്നെയാണ്. ‘മീശമാധവന്’ ശേഷം ദിലീപും ലാൽ ജോസും ഒരുമിക്കുന്നു എന്ന് കേട്ടപ്പോൾ, അതേ ലെവലിലുള്ള ഒരു ഔട്ട് ആൻഡ് ഔട്ട് ഹ്യൂമർ ചിത്രമാണ് പ്രേക്ഷകർ പ്രതീക്ഷിച്ചത്. എന്നാൽ ആ ലെവലിലുള്ള കോമഡി ചിത്രത്തിൽ ഇല്ലാതിരുന്നത് വലിയൊരു വിഭാഗം പ്രേക്ഷകരെ നിരാശരാക്കി.

നഷ്ടപ്പെട്ടുപോയ തിരുവനന്തപുരം സ്ലാംഗ്

തിരുവനന്തപുരം പശ്ചാത്തലമാക്കി നടക്കുന്ന കഥയായിരുന്നു രസികന്‍റെത്. ചിത്രത്തിന്‍റെ തിരക്കഥാകൃത്തായ മുരളി ഗോപി എല്ലാ ഡയലോഗുകളും തിരുവനന്തപുരം സ്ലാംഗിലാണ് എഴുതിയിരുന്നത്. എന്നാൽ ലാസ്റ്റ് മിനിറ്റിൽ ഉണ്ടായ ചില പ്രഷറുകൾ സിനിമയുടെ ഗതി തന്നെ മാറ്റി. “തിരുവനന്തപുരം സ്ലാംഗ് കേരളത്തിൽ എല്ലായിടത്തും ആളുകൾക്ക് മനസ്സിലാകില്ല, തിരുവനന്തപുരത്ത് മാത്രം പടം ഓടിയാൽ മതിയോ, ബാക്കി സ്ഥലത്തെ ആളുകൾക്ക് മനസ്സിലാവില്ല എന്നൊക്കെ പറഞ്ഞിട്ട് ദിലീപും പ്രൊഡ്യൂസറും എല്ലാവരും കൂടി അവസാനം അതൊരു ന്യൂട്രൽ ലാംഗ്വേജിലേക്ക് മാറ്റി ഷൂട്ട് ചെയ്യാൻ നിർബന്ധിക്കുകയായിരുന്നു.” ആ സ്ലാംഗിൽ തന്നെ ചെയ്തിരുന്നെങ്കിൽ സിനിമയിലെ തമാശകൾ കുറച്ചുകൂടി മനോഹരമായി വർക്ക് ഔട്ട് ആകുമായിരുന്നു

‘രാജമാണിക്യം’ എന്ന വൈകി വന്ന പാഠം

തിരുവനന്തപുരം സ്ലാംഗ് ആളുകൾക്ക് മനസ്സിലാകില്ല എന്ന് കരുതി രസികനിൽ മാറ്റം വരുത്തിയെങ്കിലും, തൊട്ടുപിന്നാലെ വന്ന ഒരു ചിത്രം ചരിത്രം തിരുത്തിക്കുറിച്ചു. അൻവർ റഷീദിന്‍റെ സംവിധാനത്തിൽ മമ്മൂക്ക തകർത്താടിയ ‘രാജമാണിക്യം’ തിരുവനന്തപുരം സ്ലാംഗ് പൂർണ്ണമായി ഉപയോഗിച്ചാണ് ഇൻഡസ്ട്രി ഹിറ്റായി മാറിയത്. ചില നിർഭാഗ്യങ്ങൾ ചില സമയത്ത് നമ്മളെ പിന്തുടരും എന്നതിന്റെ വലിയൊരു ഉദാഹരണമായിരുന്നു അത്.   

Scroll to Top